Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഷാഫി കോടതിയിൽ തുടരണം.
പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
കേസിൽ ഷാഫി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപി ഇന്ന് കോടതിയിൽ ഹാജരാകും. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവുക.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
District News
കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്. ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന് ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.
District News
ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത (എൻഎച്ച് 183) വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള ഭാഗത്ത് ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നിലവിലുള്ള റോഡ് വികസിപ്പിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനവാസമേഖലകളിലെ ആഘാതവും കണക്കിലെടുത്താണ് ഈ പുതിയ നിർദേശം.
നിലവിലുള്ള പാത വികസിപ്പിക്കുന്നതിനു പകരം ജനജീവിതത്തെയും കൃഷിയിടങ്ങളെയും കുറഞ്ഞ രീതിയിൽ മാത്രം ബാധിക്കുന്ന -ഗ്രീൻഫീൽഡ് - സാധ്യതകൾ കൂടി പഠനവിധേയമാക്കാൻ എംപി ആവശ്യപ്പെട്ടു.
ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ദേശീയപാതാ അധികൃതരെയും എംപി നേരിട്ട് അറിയിച്ചിട്ടുണ്ട്. നിലവിലെ റോഡ് വികസനവും ഗ്രീൻഫീൽഡ് ഹൈവേയും താരതമ്യം ചെയ്ത ശേഷം മാത്രമേ അന്തിമ രൂപരേഖ തയാറാക്കൂ.
എന്നാൽ, 2025 ജൂൺ 4ന് മുഖ്യമന്ത്രി നൽകിയ ഔദ്യോഗിക പ്രൊപ്പോസൽ പ്രകാരം നിലവിലുള്ള റോഡ് തന്നെ എത്രയും വേഗം വികസിപ്പിക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതാണ് നിലവിൽ പാത വികസനത്തിന് മുൻഗണന ലഭിക്കാൻ കാരണമെന്നും എംപി കുറ്റപ്പെടുത്തി.
മധ്യകേരളത്തിന്റെ വികസനത്തിന് ഈ പാത അനിവാര്യമാണ്. എന്നാൽ, വികസനത്തിന്റെ പേരിൽ സാധാരണക്കാരുടെ സ്വത്തും വാസസ്ഥലങ്ങളും അനാവശ്യമായി നഷ്ടപ്പെടരുത്. നീതിയുക്തമായ പരിഹാരത്തിനായി കേന്ദ്രത്തിൽ തുടർച്ചയായ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഡിപിആർ നടപടികൾ ആരംഭിച്ചു.
ദേശീയപാത 183 നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി രേഖ തയാറാക്കാൻ കൺസൾട്ടന്റ് കമ്പനികളെ കണ്ടെത്താനുള്ള നടപടികൾ ദേശീയപാതാ അഥോറിറ്റി ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾക്കുശേഷം മാത്രമേ പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കുകയുള്ളൂ.
വാണിജ്യ-കാർഷിക-വിനോദസഞ്ചാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള പദ്ധതിയായതിനാൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള വികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് എംപി പറഞ്ഞു.
District News
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിനും ചെങ്ങോട്ടുകാവിനും ഇടയിൽ അടുത്തിടെ ചെയ്ത റീ ടാറിംഗ് പലയിടത്തും തകർന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി റീ ടാറിംഗ് നടത്തിയത്.
ഈ ഭാഗത്താണ് ടാറിംഗ് ഇളകി പോയിരിക്കുന്നത്. ഈ ഭാഗത്തെ അപാകത പരിഹരിച്ച് ടാറിംഗ് വീണ്ടും നടത്തണമെന്നും റോഡ് തകർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. നന്തിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയിൽ റീ ടാറിംഗ് നടത്തിയിട്ട് കാലങ്ങളായി.
നിലവിലുളള ദേശീയപാത വീതി കൂട്ടുകയോ, റീ ടാറിംഗ് നടത്തുകയോ ചെയ്തിട്ട് വർഷങ്ങളായി. പരാതി ഉയർന്നതോടെയാണ് റോഡ് നവീകരണം നടത്തിയത്. കുഴിയടയ്ക്കല്‍ കാരണം റോഡ് ഉയര്‍ന്നും താഴ്ന്നുമാണുള്ളത്.
Kerala
തിരുവനന്തപുരം: കേരളത്തില്‍ ദേശീയ പാത നിർമാണത്തില്‍ പൂർത്തിയാകാനുള്ള മേല്പാലങ്ങള് ഇനി തൂണുകളില്‍ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള സംരക്ഷണ ഭിത്തി മോഡലിന് പകരമായാണ് തൂണുകളില്‍ മേല്പാലങ്ങള് പണിയുന്നത്.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സർവീസ് റോഡുകൾക്ക് സമീപമുള്ള മതിലുകൾ ഇടിഞ്ഞുവീഴുന്ന പ്രശ്നമുണ്ടായിരുന്നു.
ഇത് വലിയതോതിലുള്ള ഗതാഗത തടസവും സമീപത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർഇ വാളുകൾക്ക് പകരം പില്ലറുകളിൽ മേൽപ്പാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്.
Kerala
കൊച്ചി/ആലപ്പുഴ: അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഒരു മാസത്തേക്കു ഗതാഗത നിയന്ത്രണം. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അരൂര്‍ ക്ഷേത്ര കവല മുതല്‍ വടക്കോട്ടുള്ള തൂണുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
തോപ്പുംപടി-അരൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ബൈപാസ് കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അരൂര്‍-കുമ്പളം പാലം വഴി ഇറങ്ങി പോകണം. വൈറ്റിലയില്‍നിന്നു ഇടക്കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് കവലയുടെ തെക്ക് ഭാഗത്തുനിന്നു യു ടേണ്‍ തിരിഞ്ഞു പോകണം.
അതേസമയം, 35 ഗര്‍ഡറുകളാണ് പില്ലര്‍ നമ്പര്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഇനി സ്ഥാപിക്കാനുള്ളത്. നിലവില്‍ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് ദേശീയപാതയിലുള്ളത്. ഹൈവേ പോലീസിന്റെയും അരൂര്‍, കുത്തിയതോട് പോലീസിന്റെയും മേല്‍നോട്ടത്തിലാണ് ഗതാഗത നിയന്ത്രണം.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് കവലയിൽ അരൂർ, കുത്തിയതോട് പോലീസിന്റെയും ഹൈവേ പോലീസിന്റെയും മേൽനോട്ടത്തിലാണ് ഗതാഗത നിയന്ത്രണം. ഇതിനായി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ രണ്ടു ഷിഫ്റ്റുകളിലായി 12 ഹോംഗാർഡുകളെയും ഉയരപ്പാത നിർമാണ കമ്പനി വിവിധയിടങ്ങളിലായി 15 മാർഷൽമാരെയും നിയമിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ ഹൈവേ പോലീസിന്റെയും അരൂർ പോലീസിന്റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്നത്.
District News
കൊരട്ടി: ദേശീയപാത 544 കോട്ടമുറിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയും തുടർന്ന് തല ഡിവൈഡറിൽ അടിച്ചുവീണ് യുവാവിന് ദാരുണാന്ത്യം.
കോട്ടയം വൈക്കം സ്വദേശി കുലശേരമംഗലം വിനീഷ് ഭവനിൽ വിനീഷ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ യുവാവ് തൽക്ഷണം മരിച്ചു. മുരിങ്ങൂർ കോട്ടമുറിയിലെ മേക്കർ റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരി ച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: സിമി. മകൾ: വിസ്മയ.
National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യത്തുടനീളമുള്ള ഹൈവേ സ്ട്രെച്ചുകളിൽ റിപ്പോർട്ട് ചെയ്ത തകർച്ചകളുടെയും ഗുരുതരമായ അപര്യാപ്തതകളുടെയും കണക്ക് ഗതാഗതമന്ത്രി സമർപ്പിച്ചത്.
20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2020 മുതൽ 2025 വരെയുള്ള തകർച്ചകളുടെയും അവയ്ക്കെതിരേ കേന്ദ്രം സമർപ്പിച്ച നടപടികളും ഗതാഗതമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതാ നിർവഹണ ഏജൻസികളുടെ കണക്കുകൾപ്രകാരം മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ തകർച്ചകളും അപര്യാപ്തതകളും റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ 16 സ്ട്രെച്ചുകളും രാജസ്ഥാനിൽ പത്ത് സ്ട്രെച്ചുകളിലും തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 2020 മുതൽ 9 ദേശീയപാത പദ്ധതികളിലാണ് തകർച്ച റിപ്പോർട്ട് ചെയ്തത്. ഭൂമിവിസ്തൃതിയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണെങ്കിലും കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളേക്കാൾ തകർച്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ ഒന്‍പത് ദേശീയപാത സ്ട്രെച്ചുകളിൽ തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ എട്ടു സ്ട്രെച്ചുകളിലും ഈ വർഷമാണ് തകർച്ച സംഭവിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള എൻഎച്ച് 66 ഭാഗത്തിന്റെ നിലവിലുള്ള നാലുവരി റോഡിന്റെ വികസനത്തോടൊപ്പമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി, എൻഎച്ച് 966എയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള എൻഎച്ച് കണക്ടിവിറ്റി പദ്ധതി, കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള എൻഎച്ച് 66 പദ്ധതി, എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതി, എൻഎച്ച് 66ന്റെ നീലേശ്വരം-തളിപ്പറന്പ് സെക്ഷൻ പദ്ധതി, എൻഎച്ച് 66ന്റെ വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് സെക്ഷൻ വരെയുള്ള ആറുവരി പാത പദ്ധതി, തുറവൂർ-പറവൂർ പദ്ധതി, എൻഎച്ച് 66ലെ കൊല്ലം ബൈപാസ് മുതൽ കടംന്പട്ടുകോണം വരെയുള്ള ആറുവരി പാത പദ്ധതി എന്നിവിടങ്ങളിലാണ് ഈ വർഷം തകർച്ച സംഭവിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതിയിൽ 2022ലും ദേശീയപാത തകർച്ച ഉണ്ടായിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തലശേരി-മാഹി ബൈപാസ് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പാലം 2020ൽ തകർന്നുവീണ സംഭവവും കേന്ദ്രത്തിന്റെ റിപ്പോർട്ടിലുണ്ട്.
Kerala
കൊല്ലം: കൊട്ടിയത്ത് ഉൾപ്പടെയുണ്ടായ ദേശീയ പാത തകർച്ചയെ തുടർന്ന് കേരളത്തിലാകെ സുരക്ഷാ പരിശോധനയുമായി ദേശീയപാത അതോറിറ്റി. മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താനാണ് തീരുമാനം.
378 സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ആദ്യ ഘട്ടത്തിൽ 100 സ്പോട്ടുകളിലായിരിക്കും പരിശോധന നടത്തുന്നത്. ഇതിനായി 20 ഏജൻസികളെ ചുമതലപ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കും. ഇവിടയെല്ലാം ഡിസൈനുകൾ പുനപരിശോധിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
കൊട്ടിയം, കൂരിയാട് മാതൃകയിൽ സംരക്ഷണ ഭിത്തികൾ പണിത സ്ഥലങ്ങളിലായിരിക്കും പരിശോധന നടത്തുക. പരിശോധന പൂർത്തിയായ ശേഷമായിരിക്കും അന്തിമ അനുമതി നൽകുകയെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
Kerala
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിനും ഇടപെടാൻ നിയമങ്ങൾ ഏറെയുണ്ട്. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും നിയമങ്ങൾ പ്രയോഗിക്കാതിരുന്നതാണ് സംസ്ഥാനത്തു സുരക്ഷിതത്വമില്ലാതെ ദേശീയപാത നിർമിക്കുന്നതിനെ തുടർന്ന് അടിക്കടി അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.
കളക്ടർമാർക്കും പോലീസിനും തൊഴിൽ വകുപ്പിനും ദേശീയപാത വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും അടക്കം നിർമാണത്തിലെ അപാകതകളും സുരക്ഷിതത്വമില്ലായ്മയും പൊടിശല്യവും തടയാൻ നിയമത്തിൽ ഒട്ടേറെ വ്യവസ്ഥകളുണ്ട്. നിർമാണ സൈറ്റുകളിലെ സുരക്ഷ ഉറപ്പാക്കാൻ 1996ലെ ബിസിഒഡബ്ല്യു നിയമപ്രകാരം തൊഴിൽ വകുപ്പിനും ദേശീയപാതയുടെ സുരക്ഷയ്ക്ക് കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ജില്ലാ കളക്ടർമാർക്കും പൊതുമരാമത്ത് വകുപ്പിനും ഇടപെടാനാകും.പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കളക്ടർ അധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിക്കും ഇടപെടാനാകും.
നിർമാണം നടക്കുന്പോഴും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കേണ്ടതുണ്ടെന്നാണ് വിവിധ സുപ്രീംകോടതി വിധികൾ വ്യക്തമാക്കുന്നത്. ഇതിന്റെ നഗ്നമായ ലംഘനമാണ് കൊല്ലം കൊട്ടിയത്തെ ദേശീയപാത നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥ തലത്തിൽ സുരക്ഷ പരിശോധിക്കാൻ തയാറാകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേയും കേസ് അടക്കമുള്ള നിയമ നടപടി സ്വീകരിക്കാൻ പോലീസിനു കഴിയും.
ദേശീയപാത കേന്ദ്ര പട്ടികയിലാണ് ഉൾപ്പെടുത്തിയതെങ്കിലും പൊതു ക്രമം (പബ്ലിക് ഓർഡർ), പോലീസ്, റോഡ് സുരക്ഷാ നടപ്പാക്കൽ എന്നിവയെല്ലാം സംസ്ഥാനത്തിന്റെ ചുമതലയിലാണ് വിഭാവനം ചെയ്യുന്നത്.
ഭാരതീയ ന്യായ സംഹിത പ്രകാരം അശ്രദ്ധമൂലമുണ്ടാകുന്ന മരണം, ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ, പൊതുവഴിയിൽ അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരാറുകാർക്കും എൻജിനീയർമാർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ എഫ്ഐആർ ഇട്ട് പോലീസിന് കേസെടുക്കാം. അസ്ഥിരമായ മണ്‍തിട്ടകൾ, വേലികെട്ടാത്ത കുഴികൾ, വെളിച്ചമില്ലാത്ത വഴിതിരിച്ചുവിടലുകൾ തുടങ്ങിയ അപകട സാഹചര്യങ്ങളിൽ ജില്ലാ/സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് ഉത്തരവിടാനാകും.
അപകടങ്ങൾ ഒഴിവാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും പോലീസിനുള്ള കടമകളും നിയമത്തിൽ പറയുന്നുണ്ട്.എന്നാൽ, കേരളത്തിലെ പോലീസ് ഹെൽമറ്റും സീറ്റ് ബെൽറ്റും പിടിച്ച് സംസ്ഥാന സർക്കാരിന് പൈസ ഉണ്ടാക്കാനുള്ള നടപടി മാത്രമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും സംസ്ഥാനത്തു വ്യാപകമാണ്.
സുരക്ഷിതമല്ലാത്ത പാതകളിൽ ഗതാഗതം നിയന്ത്രിക്കേണ്ടതും ബാരിക്കേഡുകളും സൈനേജുകളും ലൈറ്റിംഗ് തുടങ്ങിയവ നിർബന്ധമാക്കേണ്ടതും പോലീസിന്റെ അധികാര പരിധിയിൽ വരുന്നവയാണ്. ഇതോടൊപ്പം കേരള റോഡ് സുരക്ഷാ അഥോറിറ്റി ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഇവിടെ സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടില്ലെന്നതു വ്യക്തമാണ്.
Kerala
കൽപ്പറ്റ: കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണ്.
തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും ദേശീയപാതയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെയും വാസുവിനെയും സിപിഎം ഭയക്കുന്നുണ്ട്. അതിനാലാണ് അവർക്കെതിരെ നടപടി എടുക്കാത്തത്.
പാർട്ടി നടപടി സ്വീകരിച്ചാൽ പത്മകുമാറും വാസുവും സത്യം വെളിപ്പെടുത്തും. ഇത് ഒഴിവാക്കാനാണ് ഇരുവരെയും പാർട്ടി സംരക്ഷിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
National
ന്യൂഡൽഹി: കൊട്ടിയത്ത് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ്, എൻജിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇൻഫ്ര, സത്ര സർവീസസ് എന്നിവരെ ഒരു മാസത്തേക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി.
മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാൺപൂർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ടി.കെ.സുധീഷ് എന്നിവർ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്ന് ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ, എൻജിനീയറിംഗ് കമ്പനിയുടെ റസിഡന്റ് എൻജിനീയർ എന്നിവരെ പ്രദേശത്തെ ചുമതലയിൽ നിന്ന് മാറ്റിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
കരിമ്പട്ടികയിൽ പെടുത്താതിരിക്കാനും നഷ്ടപരിഹാരം ഈടാക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കമ്പനികൾക്ക് നോട്ടീസും നൽകി. വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹന യാത്രക്കാർ രക്ഷപ്പെട്ടത്.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
Kerala
തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവും നിലവാരം കുറഞ്ഞ ദേശീയപാത നിർമാണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിൽ നിർമിക്കുന്നത് ദേശീയപാതയല്ല അഴിമതി പാതയാണെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന് മണ്ണ് പരിശോധന പോലും നടത്താതെ, മര്യാദയ്ക്ക് ഒരു ഡിപിആർ പോലും തയാറാക്കാതെയാണ് ഈ പ്രഹസനം കേരളത്തിൽ നടക്കുന്നത്. സമയത്തിന് പണി തീർക്കാതെ നിർമാണ കമ്പനികൾക്ക് സമയം നീട്ടി കൊടുക്കലും മുറയ്ക്ക് നടക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഈ പണിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ യാതൊരു ശ്രമവും സംസ്ഥാന സർക്കാർ നടത്തുന്നില്ല. പണ്ട് റീൽ ഇടാൻ വേണ്ടി മാത്രം ദേശീയപാതയിൽ പോയിക്കൊണ്ടിരുന്ന മന്ത്രി റിയാസിനെ ഇപ്പോൾ അതിനു പോലും കാണാനില്ല.
കേരളത്തിൽ ആർക്കും ഒന്നിനും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണ്. ഭരണം അവസാനിക്കുന്നതിനു മുമ്പ് പരമാവധി മുക്കുക എന്നതും മാത്രമാണ് ഭരണാധിപരുടെ ലക്ഷ്യം. ദേശീയപാത നിർമാണത്തിൽ മിനിമം നിലവാരം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി കെ.സി.വേണുഗോപാൽ എംപി. ദേശീയപാത അഥോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിന് കാരണം.
ദേശീയപാത അഥോറിറ്റി മറുപടി പറയണം. ദേശീയപാത നിർമാണത്തിന് പിന്നിൽ വൻ അഴിമതിയാണ്. ഇത് മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആക്ഷൻ ടേക്കൻ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം. ഇത്തരത്തിലുള്ള പരാതികൾ ഉയർന്നുവരുന്നുണ്ട്. പ്രധാന നിർമാണ ജോലികൾ നടക്കുന്ന ഇടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരില്ല. എല്ലാം കരാറുകാർക്ക് വിട്ടു കൊടുത്തിരിക്കുകയാണ്.
കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥർ ദേശീയപാത നിർമാണം നിരീക്ഷിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു
Kerala
കൊട്ടിയം: കൊല്ലം മൈലക്കാടും ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണു. ദേശീയപാതയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.
റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. സ്കൂൾ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി കുട്ടികളെ ഞൊടിയിടയിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടം. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.
District News
ഹരിപ്പാട്: ദേശീയപാതയിലെ ഹരിപ്പാട് ഗവ. ആശുപത്രി ജംഗ്ഷനിലെ കൊടുംവളവില്‍ വീണ്ടും അപകടം. കഴിഞ്ഞ ഞായറാഴ്ച രാത്രി ഇവിടെയുണ്ടായ വാഹനാപകടത്തില്‍ താമല്ലാക്കല്‍ സ്വദേശികളായ ശ്രീനാഥ്, ഗോകുല്‍ എന്നിവര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. റോഡിന്റെ അസാധാരണമായ മിനുസവും മുന്നറിയിപ്പ് ബോര്‍ഡുകളുടെ കുറവും കാരണം ഈ പ്രദേശം ഒരു അപകടക്കെണിയായി മാറിയിരിക്കുകയാണ്.
വേഗത്തില്‍വന്ന ബസും
മിനുസമേറിയ റോഡും
ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. നല്ല വേഗത്തിലായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ റോഡിന്റെ മധ്യഭാഗത്തേക്കു കയറിയാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം, വണ്‍വേ കടന്നുവന്ന ബൈക്കും റോഡിന്റെ മധ്യഭാഗത്തിനടുത്തായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. റോഡിന്റെ ഉപരിതലത്തിലുള്ള അമിതമായ മിനുസം കാരണം വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് തിരിച്ചാല്‍ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. അപകടം കണ്ടവര്‍ പറയുന്നത്, ബസ് അല്പം വേഗം കുറച്ചിരുന്നെങ്കില്‍ ഈ ചെറുപ്പക്കാര്‍ രക്ഷപ്പെടുമായിരുന്നു എന്നാണ്.
പഴയ റോഡ്,
അപകടങ്ങള്‍ നിത്യസംഭവം
മൂന്നുവര്‍ഷം മുന്‍പ് ദേശീയപാത പുനര്നിര്മിച്ചപ്പോഴും ഈ ഭാഗത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായിരുന്നു. നങ്ങ്യാര്കുളങ്ങരയ്ക്കും താമല്ലാക്കലിനും മധ്യേ ആറുമാസത്തിനിടെ നാല്‍പ്പതോളം അപകടങ്ങളുണ്ടായതിനെത്തുര്ന്ന് റോഡിലെ മിനുസം മാറ്റാനായി ടാറിംഗ് കുത്തിയിളക്കി മെറ്റല്‍പ്പൊടി വിതറി വീണ്ടും ടാര്‍ ചെയ്തിരുന്നു.
ആറുവരിപ്പാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ മിക്കയിടത്തും പഴയ റോഡ് പൊളിച്ചുമാറ്റിയെങ്കിലും ഗവ. ആശുപത്രി ജംഗ്ഷന് മുതല്‍ താമല്ലാക്കല്‍ വരെയുള്ള ഭാഗത്ത് ഇപ്പോഴും ഉപയോഗിക്കുന്നത് ഈ പഴയ പ്രശ്നങ്ങളുള്ള റോഡാണ്.
അപകടസൂചനകള്‍
അവഗണിക്കപ്പെടുന്നു
അപകടമുണ്ടായ സ്ഥലത്ത് റോഡ് തെന്നുന്നതാണ് എന്ന മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടെങ്കിലും, ഇത് റോഡിന്റെ ഇടതുവശത്ത് തീരെച്ചെറിയ രൂപത്തില്‍, ആലപ്പുഴ ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് മാത്രം കാണാവുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഹരിപ്പാട്ടേക്ക് വരുന്നവര്‍ക്ക് അപകടസൂചന നല്കാന് ബോര്‍ഡുകളില്ല.
കരാറുകാരുടെ വീഴ്ച
ദേശീയപാത നിര്‍മാണ സ്ഥലങ്ങളില്‍ വലിയ അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കളക്ടര്‍ പലപ്രാവശ്യം നിര്‍ദേശം നല്‍കിയിട്ടും പേരി് ബര്ഡുകള് സ്ഥാപിച്ചശേഷം സ്ഥലം വിടുന്നരീതിയാണ കരാറുകാര്‍ പിന്തുടരുന്നത്.
വെളിച്ചമില്ല, വഴിയുമില്ല;
രാത്രിയാത്ര ദുരിതം
ദേശീയപാത നിര്‍മാണം നടക്കുന്ന മിക്കയിടത്തും വഴിവിളക്കുകളില്ല. റോഡുപണി തുടങ്ങിയപ്പോള്‍ പഴയ വിളക്കുകള്‍ അഴിച്ചുമാറ്റിയതാണ്. കരാറുകാര്‍ താത്കാലികമായി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അപകടം ഉണ്ടാകുമ്പോള്‍ മാത്രം കുറച്ചുദിവസം വെളിച്ചം സ്ഥാപിക്കുകയാണ് പതിവ്. കൂടാതെ, ഗതാഗതത്തെ വഴിതിരിച്ചുവിടുന്ന കാര്യത്തിലും വ്യക്തമായ ധാരണകളില്ലാത്തത് പ്രശ്നമുണ്ടാക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപം വഴിതെറ്റി ലോറി റോഡരികില്‍ കൂട്ടിയിട്ട മണ്ണിലേക്ക് ഇടിച്ചുകയറിയ സംഭവം ഇതിന് തെളിവാണ്.
റോഡിന്റെ ഘടനാപരമായ പ്രശ്നങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളിലെ അലംഭാവവുമാണ് ഈ പ്രദേശത്തെ തുടര്‍ച്ചയായ അപകടങ്ങള്‍ക്കു കാരണം. അടിയന്തരമായി ശാശ്വതപരിഹാരം കണ്ടില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ ഇവിടെ പൊലിയാനുള്ള സാധ്യത തള്ളികളയാനാവില്ല. ഇനിയും ഒരു ജീവനും പൊലിയാതിരിക്കാന്‍ വേണ്ട സത്വര നടപടികള്‍ അധികൃതര്‍ കൈകൊള്ളണമെന്ന് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.
Kerala
കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാതകളുടെ നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി ഹൈവേ അഥോറിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി. പണി പൂര്‍ത്തിയാക്കേണ്ട സമയപരിധിയടക്കം അറിയിക്കാനാണു നിര്‍ദേശം. കരാര്‍ കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ട്.
അറ്റകുറ്റപ്പണി വളരെ സാവധാനമാണു നടക്കുന്നതെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആമ്പല്ലൂരില്‍ 2024 സെപ്റ്റംബറില്‍ തുടങ്ങിയ പണികള്‍ ഇപ്പോഴും പ്രാരംഭദശയില്ത്തന്നെയാണെന്നു കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
തുര്‍ന്നാണ് കരാറിലെ സമയപരിധി അറിയിക്കാന്‍ ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ഒമ്പതിനു വീണ്ടും പരിഗണിക്കും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൊരട്ടിയില്‍ ഉള്‍പ്പെടെ ട്രാഫിക് ഗാര്‍ഡുകള്‍ കുറവാണെന്നും കളക്ടര്‍ അധ്യക്ഷനായ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ആവശ്യത്തിനു വെളിച്ചവും സിഗ്നലുമില്ല .
ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്കു നോട്ടീസയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ആകെ 16 ട്രാഫിക് വാര്‍ഡന്മാരാണുള്ളത്.
50 പേരെക്കൂടി ലഭ്യമാക്കാന്‍ സംസ്ഥാന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പോരായ്മകളും പരിഹരിക്കുമെന്നും വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തുടർന്ന് കോടതി ഹൈവേ അഥോറിറ്റിയോടു നിര്‍ദേശിച്ചു.
Kerala
തിരുവനന്തപുരം: ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി കേരളം കേന്ദ്രത്തിന് 5,580 കോടി രൂപ നൽകിയെന്ന് പിണറായി വിജയൻ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് ഫണ്ട് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് ഈ തുക ദേശീയപാതാ അതോറിറ്റിക്ക് നൽകിയത്. കിഫ്ബിയുടെ കമ്പോള വായ്പ കേരളത്തിന്റെ കടപരിധിയിൽ പെടുത്തുകയാണ് പിന്നീട് കേന്ദ്ര സർക്കാർ ചെയ്തതെന്നും പിണറായി വ്യക്തമാക്കി.
2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പ്രവൃത്തി പിന്നീട് 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടുപോയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ പല പ്രതിലോമ ശക്തികളും ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും അതിലൊന്നും പതറാതെ പൊതുജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോയതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കാസർഗോഡ്: സർവീസ് റോഡുകളിൽ നിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുണ്ടെന്നും കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകുന്നതാണ്. പക്ഷേ, മനുഷ്യർ തന്നെ പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാലത്ത് പോത്തുകളോടു നിയമമോതിയിട്ട് കാര്യമില്ലല്ലോ.
ഇന്നലെ ഉച്ചകഴിഞ്ഞ് കാസർഗോഡിനു സമീപം ഏരിയാലിൽ പുതിയ ദേശീയപാതയിലൂടെ അലസഗമനം നടത്തിയ പോത്തുകൾ മണിക്കൂറുകളോളമാണു ഗതാഗതതടസം സൃഷ്ടിച്ചത്. ഇരുവശങ്ങളിലും പാർശ്വഭിത്തികളുള്ള ദേശീയപാതയിൽനിന്ന് ഇവയെ പുറത്തെത്തിക്കാനും പാടായതിനാൽ നാലു കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാസേനാംഗങ്ങൾ ഇവയ്ക്കൊപ്പം നടക്കേണ്ടി വന്നു.
ഏരിയാൽ വയലിൽ മേയാൻ വിട്ടിരുന്ന 12 പോത്തുകളടങ്ങിയ കൂട്ടമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പുല്ലുതിന്ന് വയറുനിറഞ്ഞപ്പോൾ ദേശീയപാത സന്ദർശിക്കാനിറങ്ങിയത്. അടുക്കത്ത് വയലിൽനിന്ന് ഏരിയാൽ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവ ദേശീയപാതയിലേക്കു കയറിയത്.
കയറിക്കഴിഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതെ ഏരിയാലിൽനിന്ന് കാസർഗോഡ് ഭാഗത്തേക്കു നടന്നുനീങ്ങുകയായിരുന്നു. പോത്തുകൾ ദേശീയപാതയിലൂടെ നടന്നുനീങ്ങുന്നതു കണ്ട വഴിയാത്രക്കാരാണു കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ പോത്തുകളെ പരമാവധി നിയന്ത്രിച്ച് ദേശീയപാതയുടെ ഒരരികിലേക്കു മാറ്റി.
അണങ്കൂരിൽനിന്നു സർവീസ് റോഡിലേക്ക് ഇറക്കിയതിനു ശേഷം അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കു മാറ്റി 12 പോത്തുകളെയും നാട്ടുകാരുടെ സഹായത്തോടെ കെട്ടിയിട്ടതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. പോത്തുകളെ അശ്രദ്ധമായി അഴിച്ചുവിട്ടതിനു പോലീസ് ഉടമകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി:ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഉറപ്പാക്കിയ ശേഷം മാത്രമേ ഗർഡർ ഉയർത്തി സ്ഥാപിക്കു എന്ന് തീരുമാനം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി.
അപകടത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയതായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കൂ എന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്ന സമയത്ത് പോലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉൾപ്പെടെ നടത്തിയ ശേഷം മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടർ ദേശീയപാത അധികൃതർക്ക് കർശന നിർദേശം നൽകി.
ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് തന്നെ തയാറാക്കി നിർമാണ കമ്പനി പോലീസിന് നൽകണം. ഇതിനനുസൃതമായി പോലീസ് ഗതാഗത ക്രമീകരണം നടത്തും.
സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്സ് സംഘം നാളെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ.കെ ശ്രീവാസ്തവ,അശോക് കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധന ആരംഭിച്ചതായി ദേശീയപാത അധികൃതർ യോഗത്തെ അറിയിച്ചു.
Kerala
ആലപ്പുഴ: അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാതാ അതോറിറ്റി. ഇതിനായി റൈറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി.
നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും.
അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരിൽ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
വാഹനത്തിന് മുകളിലേക്ക് രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Kerala
ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗതാഗത നിയന്ത്രണം. ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല.
ഇവിടെനിന്നുള്ള വാഹനങ്ങൾ ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് പോകേണ്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനം അരൂക്കുറ്റി വഴി തിരിഞ്ഞു പോകേണ്ടതാണ്.
ഇന്ന് പുലർച്ചെയോടെയാണ് അരൂർ - തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകലിലേക്ക് ഗർഡർ വീണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ചു. പിക്കപ് വാൻ ഗർഡറിന് അടിയിൽ കിടക്കുകയാണ്.
Kerala
ചാത്തന്നൂർ: ദേശീയപാത 66 ന്റെ കേരളത്തിലെ വിശദമായ പദ്ധതിരേഖയിൽ 15 തവണ മാറ്റം വരുത്തി. റോഡ് നിർമാണം തുടങ്ങിയ ശേഷമാണു മാറ്റങ്ങൾ വരുത്തേണ്ടി വന്നത്. യാതൊരു പഠനവും നടത്താതെ തട്ടിക്കൂട്ടിയ അശാസ്ത്രീയമായ പദ്ധതിരേഖ വച്ചാണ് റോഡ് നിർമാണം നടത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് നിർമാണം തുടങ്ങിയ ശേഷം മാറ്റങ്ങൾ.
റോഡ് കൺവർഷൻ, വിഒപി, എൽവിയുപി, എസ് വിയുപി എന്നിവയുടെ നിർമാണം തുടങ്ങിയവയാണ് വിശദമായ പദ്ധതിരേഖയിൽനിന്നും അധികമായി ചെയ്യേണ്ടി വന്നത്. സ്ഥലങ്ങളുടെ പ്രത്യേകതയോ പ്രദേശങ്ങളുടെ പ്രാധാന്യമോ മനസിലാക്കാതെ സംസ്ഥാന പാതകളിലേയ്ക്കുള്ള വഴികൾപോലും അടച്ചു കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ദേശീയപാതവികസനത്തിന്റെ ഭാഗമായി കേരളത്തിൽ കൂടുതൽ അണ്ടർപാസുകളും സ്മാൾ വെഹിക്കുലാർ അണ്ടർപാസുകളും (എസ് വി യു പി )നിർമിക്കാൻ അനുമതി നൽകിയതായും വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡിപിആർ) ഉൾപ്പെടാത്ത 15 അധിക നിർമാണങ്ങളുടെയും വിശദാംശങ്ങൾ ദേശീയപാത അഥോറിറ്റി കൊച്ചി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പിഐയു)പി. പ്രവീൺ കുമാർ വിവരാവകാശ ചോദ്യത്തിന് മറുപടിയായി പുറത്തുവിട്ടു.
ചാത്തന്നൂർ സ്വദേശിനി എസ്. ജസിയയ്ക്കു നല്കിയ മറുപടിയിലാണ് ഈ വിവരങ്ങൾ . എൻഎച്ച് 66ന്റെ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെയുള്ള നാലു റീച്ചുകളിലാണ് മൊത്തം 15 അധിക അണ്ടർപാസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ അറ്റകുറ്റപ്പണിയടക്കം പൂര്‍ത്തിയാക്കണമെന്ന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈവേ അഥോറിറ്റിക്കു നിര്‍ദേശം നല്കി.
ടോള്‍ പിരിവ് കഴിഞ്ഞമാസം 17നു പുനഃസ്ഥാപിച്ചെങ്കിലും പാതയില്‍ ഗതാഗതക്കുരുക്ക് തുടരുകയാണെന്നു മേല്‍നോട്ട സമിതി തലവന്‍കൂടിയായ തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു.
ഭൂമി കുഴിക്കുന്ന ജോലികളടക്കം നടക്കുന്നതിനാല്‍ സുരക്ഷാപ്രശ്നങ്ങളുമുണ്ട്. പാര്‍ശ്വഭിത്തികളും ബാരിക്കേഡുകളും വേണ്ടത്ര സ്ഥാപിച്ചിട്ടില്ല. സര്‍വീസ് റോഡുകളില്‍നിന്നുള്ള എന്‍ട്രി പോയിന്റുകളില്‍ റോഡ് തകര്‍ന്നിട്ടുണ്ടെന്നും അറിയിച്ചു.
District News
കൊടുങ്ങൂർ: കൊല്ലം-തേനി ദേശീയപാതയോരത്തെ ദിശാബോർഡുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ. പൊടിയും പായാലും പിടിച്ച ബോർഡുകൾ വ്യക്തമല്ലാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സേവന പ്രവർത്തനത്തിന് വിദ്യാർഥികൾ തയാറായത്.
ചങ്ങനാശേരി ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിലെ എംഎസ്ഡബ്ല്യു ഒന്നാം വർഷ വിദ്യാർഥികളായ എം. വിവേക്, ക്രിസ്റ്റി കുഞ്ഞുമോൻ, അനറ്റ് വർഗീസ്, ദേവിക സതീഷ്, അതുല്യ അനിൽകുമാർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്.
വാഴൂർ പഞ്ചായത്തിൽ നടത്തിയ ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് കൊടുങ്ങൂർ മുതൽ ഇളപ്പുങ്കൽകവല വരെയുള്ള ഭാഗത്തെ ദിശാബോർഡുകൾ വൃത്തിയാക്കിയത്.
Kerala
കൊച്ചി: സംസ്ഥാനത്തെ ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. പദ്ധതി ഡയറക്ടര്‍, കരാറുകാരന്, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി യോഗം വിളിക്കണമെന്ന് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഗതാഗതക്കുരുക്ക് പ്രശ്നം ഗുരുതരമായ വിഷയമാണെന്നും പ്രശ്ന പരിഹാരത്തിനു ബന്ധപ്പെട്ടവര്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശിച്ച കോടതി തുടര്‍ന്ന് ഹര്‍ജി വീണ്ടും 10 ദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല യോഗം നടത്തേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചിരുന്നു. പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച് കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒ.ജെ. ജനീഷ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നത് ജനപ്രിയ നടപടിയാണെങ്കിലും ഇതു മൂലം കരാറുകാരനുണ്ടാകുന്ന നഷ്ടം ആരാണു നികത്തുകയെന്നു കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ കളക്ടര്‍ക്ക് നിയമ പ്രകാരം അധികാരമുണ്ടോയെന്നാണു പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു. കളക്ടറുടെ നടപടി ബിഎന്‍എസ്എസ് പ്രകാരമാണെന്നു സര്‍ക്കാര്‍ അറിയിച്ചു. ടോള്‍ പിരിവ് നിര്‍ത്തുന്നതല്ലാതെ മറ്റു മാര്ഗങ്ങളില്ലേയെന്നും കോടതി ആരാഞ്ഞു.
District News
കണ്ണൂർ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത വികസന നിർമ്മാണം തണ്ണീർത്തട ആവാസവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയാണെന്ന് പുതിയ പഠനം. നിരവധി പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നശിപ്പിക്കപ്പെടുന്നതായി പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രദേശത്തെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
പുഴകളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മഴക്കാലത്ത് വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള ഓടകളും കലുങ്കുകളും പലയിടത്തും അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ടിന് ഇടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കാർഷിക മേഖലയ്ക്കും വലിയ നഷ്ടങ്ങളുണ്ടാക്കും.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും, പരിസ്ഥിതി സംഘടനകൾ ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. തണ്ണീർത്തട സംരക്ഷണത്തിനുള്ള നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാവൂ എന്നും അവർ ആവശ്യപ്പെടുന്നു.